ഹൃദയം
ഹൃദയം പൂക്കള്‍ക്ക് ഹൃദയം ഉണ്ടാകുമോ സാര്‍, അയാള്‍ എന്നോടായി ചോദിച്ചു. നെടുംകണ്ടം സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്‍റെ സൈഡ് സീറ്റില്‍ ഇരുന്ന് തല ജനാലയുടെ വീതിയേറിയ പടിയിലേക്ക് തല ചായ്ച്ച് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ്നട്ട് ഇരിന്നിരുന്ന ഞാന്‍ ശരിക്കും എന്താണ് അയാള്‍ പറഞ്ഞതെന്ന് കേട്ടിരുന്നില്ല. ആ നേരം ബസ്സ് പാലാ ഈരാറ്റുപേട്ട റോഡില്‍ ആ നാട്ടിലെ ഏതോ കമ്പനി നടത്തിയ സൌന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി റോഡ്‌വക്കത്ത് നട്ടിരുന്ന പൂച്ചെടികള്‍ എല്ലാം പൂത്ത് തളിര്‍ത്ത് നിന്നിട്ടുണ്ടായിരുന്നു. അവയില്‍ ചിലതിന് പുലര്‍കാലത്തിന്‍റെ മഞ്ഞുകണങ്ങള്‍ ഭംഗി കൂട്ടിനല്കിയിരുന്നു. ആ പൂക്കള്‍ കണ്ടിട്ടായിരുന്നു എന്‍റെ സഹയാത്രികനായ അയാള്‍ അപ്രകാരം പറഞ്ഞിരുന്നത്. കൊട്ടാരക്കരയില്‍ നിന്നും ബസ്സില്‍ കയറിയതായിരുന്നു അയാള്‍. രാവിലെ ഏതാണ്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്നും ബസ്സില്‍ കയറിയ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനിടയിലാണ് അയാള്‍ എന്നോടൊപ്പം വന്നിരുന്നത്. അയാള്‍ ഒരു ആജാനുബാഹുവായിരുന്നു. തന്‍റെ ശരീര...