അയാള്‍

            അയാള്‍ എന്തായാലും ഞാനല്ല. കാരണം അയാള്‍ക് ഇന്നും അച്ഛന്‍ ഒപ്പമുണ്ട്. ഇന്നലെ പരിചയം പറഞ്ഞു വന്നപ്പോള്‍ എന്റെ സുഹൃത്തുക്കളോടായി അയാള്‍ പറഞ്ഞിരുന്നു അയാള്‍ അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോയി വരുന്ന വഴിയാണെന്ന്. അപ്പോള്‍ എന്തായാലും അയാള്‍ ഞാനാവില്ല, കാരണം എന്റെ അച്ഛന്‍ എന്നെ വിട്ട് പോയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. അയാള്‍ രാമേട്ടനോട് പറഞ്ഞിരുന്നുവത്രേ അയാളുടെ അച്ഛന്റെ സൈക്കിളിന് മുമ്പിലിരുന്ന് പൂഴി വിരിച്ച നാട്ടുവഴിയിലൂടെ രാജാവിനെപോലെ അയാള്‍ യാത്ര ചെയ്തിരുന്നു എന്ന്. ഇന്ന് അതിന്‍റെ സ്നേഹം തിരികെ നല്കുമ്പോലെ അയാള്‍ അച്ഛനെ അയാളുടെ പുത്തന്‍ കാറിന്‍റെ മുന്‍സീറ്റില്‍ ഇരുത്തിയാണ്‌ കവലയിലേക് എത്തിയത്. അപ്പോള്‍ എന്തായാലും അയാള്‍ ഞാനല്ല. അയാള്‍ എന്നെപ്പോലെ ഇരിക്കുന്നു എന്ന് അവളും എന്നോടായി പറഞ്ഞു. അയാള്‍ക്ക് നല്ല മണമാണത്രേ, നല്ല മുല്ലപ്പൂവിന്‍റെ മണം; അത് പറഞ്ഞപ്പോള്‍ അവളുടെ കവിളുകള്‍ തുടുത്തിരിന്നോ.... എനിക്ക് തോന്നിയതാവും. തെക്ക് വടക്ക് നടക്കുന്ന എന്നെപ്പോലെ ഉള്ള ഒരുത്തനെ ജീവന്ന്തുല്യം സ്നേഹിക്കുന്ന ഒരുവള്‍ ... ഇല്ല എനിക്ക് തോന്നിയത് തെന്നെ, എന്നിലെ കാമുകന്‍റെ ശിരസ്സ് അല്‍പ്പം ഉയര്‍ന്നു. അമ്മയും ഞാന്‍ വീട്ടിലെത്തിയപ്പോളെ പറഞ്ഞു, "എടാ അവന്‍ നീ തന്നെ... അല്ല നിന്നെ പോലെ തന്നെ" പെറ്റ വയര്‍ ഉറപ്പായും തിരിച്ചറിയുമല്ലോ, ഹാവൂ ആശ്വാസം ഒരാളെങ്കിലും പറഞ്ഞുവല്ലോ അയാള്‍ ഞാനല്ലായെന്ന്.  അയാള്‍ക്ക് വല്യ ബംഗ്ലാവുണ്ടത്രേ പട്ടണത്തില്‍ നിന്നും മാറി, അത് പറഞ്ഞത് വടക്കേലെ അന്ത്രുക്ക ആയിരുന്നു. അയാള്‍ക്ക് പല ബാങ്കുകളില്‍ ഒത്തിരി പണം കിടപ്പുണ്ടെന്നും അതിന് അയാള്‍ക്ക് തന്നെ കണക്കുകള്‍ ഇല്ലായെന്നും അന്ത്രുക്ക കൂട്ടിച്ചേര്‍ത്തു.  അയാള്‍ പണ്ടേക്ക് പണ്ടേ നാട് വിട്ട് പോയിഎന്നും ആഫ്രിക്കയില്‍ പോയി സ്ഥലം വാങ്ങിയ ഇടത്ത് വജ്രഖനി ഉണ്ടായിരുന്നുവെന്നും അത് അയാളെ കോടീശ്വരനാക്കിയെന്നും അന്ത്രുക്കയുടെ ബീടര് സൈനുതാത്ത കൂട്ടിച്ചേര്‍ത്തു.  

    അയാള്‍ എന്തായാലും ഞാനല്ല, കാരണം ഞാന്‍ ഇന്നും വീട്ടിലേക്ക് അരി വാങ്ങുവാനായി ഔസേപ്പച്ചന്‍റെ മുന്നില്‍ ഇരന്നവനാ, അമ്മയെ മല്ലന്‍ ഡോക്ടറെ കാണിക്കുന്നതിനായി സര്‍ക്കാര്‍ ആപ്പീസ് ശിപായി വിനോദിനോട് കാശ് കടം വാങ്ങിയവനാ; അയല്‍വക്കത്തെ ശോശാമ്മ ചേട്ടത്തി അതിര് മാന്തുന്നത് കണ്ട് അവരുടെ ദീനം വന്ന് കിടക്കുന്ന കെട്ടിയോന്‍ മാര്‍ക്കോസ് ചേട്ടന്‍റെ അപ്പന് വിളിച്ചവനാ. കഞ്ഞിക്ക് അരിയില്ലാതെ അമ്മ കഞ്ഞിയെന്ന് പറഞ്ഞ് തന്ന കഞ്ഞി വെള്ളം അടുക്കളപ്പുറത്തെ കാ‍ന്താരി ഞെരിച്ചു ചേര്‍ത്ത് കലക്കി കുടിച്ചവനാ. അയാള്‍ എങ്ങനെ ഞാനാകും. ഒരിക്കലും അയാള്‍ ഞാനല്ല. 

    അച്ഛനുണ്ടായിരുന്ന കാലത്ത് ഞാനോരുപക്ഷേ അയാള്‍ ആയിരുന്നിരിക്കണം. അന്ന് ഞാനും രാജാവായിരുന്നു. എനിക്കായി എല്ലാം നല്കപെട്ടിരുന്നു. കിടക്കുവാന്‍ കിടക്ക, കാറ്റ് കൊള്ളുവാന്‍ മേശക്ക് മേല്‍ എനിക്കായി ഫാന്‍, അങ്ങനെ എന്തൊക്കെ. ആ സമയത്ത് ഞാന്‍ അയാള്‍ ആയിരുന്നിരിക്കണം. അന്ന് എനിക്ക് ഒന്നും തിരക്കെണ്ടിയിരുന്നില്ല. എല്ലാം അച്ഛന്‍ തന്നെ ചെയ്യുമായിരുന്നു. കൈകഴുകി സമയത്ത് മേശക്കരുകില്‍ ഇരുന്നാല്‍ അമ്മ രണ്ട് മൂന്ന് കറികളോടൊപ്പം ഊണ് നല്‍കിയിരുന്നു. ഉടുപ്പില്‍ ചെളി പറ്റിയാല്‍ അന്നേരം മാറ്റി ഇടുവാന്‍ അമ്മ തന്നെ കഴുകി ഇട്ടതുണി ഉണ്ടാകുമായിരുന്നു. നാട്ടിലെ മണ്‍റോടുകള്‍ എന്റെ അച്ഛന്‍റെ സൈക്കിള്‍ പായുമ്പോള്‍ ഞാന്‍ അതിന്‍റെ മുന്നിലെ കൊട്ടക്കസേരയില്‍ രാജാവിനെ പോലെ ഇരുന്ന് നാടുകാണുവാന്‍ പോകുമായിരുന്നു. കവലയിലെ കടയില്‍ നിന്നും കടലമുട്ടായിയും ഐസിട്ട സര്‍ബത്തും കുടിച്ചിരുന്ന രാജാവ്. അന്ന് അയാള്‍ ഞാനായിരുന്നു.

    വീട്ടിലെ നിലക്കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോ എനിക്ക് അയാളെ കാണുവാന്‍ സാധിച്ചു പക്ഷെ ഇന്നത്തെ അയാളെ അല്ല അന്നത്തെ അയാളെ. അതെ അന്ന ഞാന്‍ അയാള്‍ ആയിരുന്നു. ആ കാലത്ത് മാത്രം ഇന്ന് ഞാന്‍ അന്നത്തെ അയാളും............................... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം