ഹൃദയം




 ഹൃദയം

                    പൂക്കള്‍ക്ക് ഹൃദയം ഉണ്ടാകുമോ സാര്‍, അയാള്‍ എന്നോടായി ചോദിച്ചു. നെടുംകണ്ടം സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്‍റെ സൈഡ് സീറ്റില്‍ ഇരുന്ന് തല ജനാലയുടെ വീതിയേറിയ പടിയിലേക്ക് തല ചായ്ച്ച് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ്നട്ട് ഇരിന്നിരുന്ന ഞാന്‍ ശരിക്കും എന്താണ് അയാള്‍ പറഞ്ഞതെന്ന് കേട്ടിരുന്നില്ല. ആ നേരം ബസ്സ്‌ പാലാ ഈരാറ്റുപേട്ട റോഡില്‍ ആ നാട്ടിലെ ഏതോ കമ്പനി നടത്തിയ സൌന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി റോഡ്‌വക്കത്ത് നട്ടിരുന്ന പൂച്ചെടികള്‍ എല്ലാം പൂത്ത് തളിര്‍ത്ത് നിന്നിട്ടുണ്ടായിരുന്നു. അവയില്‍ ചിലതിന് പുലര്‍കാലത്തിന്‍റെ മഞ്ഞുകണങ്ങള്‍ ഭംഗി കൂട്ടിനല്കിയിരുന്നു. ആ പൂക്കള്‍ കണ്ടിട്ടായിരുന്നു എന്‍റെ സഹയാത്രികനായ അയാള്‍ അപ്രകാരം പറഞ്ഞിരുന്നത്.     കൊട്ടാരക്കരയില്‍ നിന്നും ബസ്സില്‍ കയറിയതായിരുന്നു അയാള്‍. രാവിലെ ഏതാണ്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്നും ബസ്സില്‍ കയറിയ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനിടയിലാണ് അയാള്‍ എന്നോടൊപ്പം വന്നിരുന്നത്. അയാള്‍ ഒരു ആജാനുബാഹുവായിരുന്നു. തന്‍റെ ശരീരം സീറ്റിലേക്ക് എടുത്ത് ഇട്ടപോലെയാണ് അയാള്‍ വന്നിരുന്നത്. നാശം എത്രയോ സീറ്റുണ്ട് അയാള്‍ക്ക് അവിടെ ഇരുന്നാല്‍ പോരായിരുന്നോ എന്ന് മനസ്സില്‍ ശപിച്ചുകൊണ്ട് ഞാന്‍ ഉറക്കത്തിലേക്ക് തിരികെ പോകുവാന്‍ ശ്രമിച്ചു. സാര്‍ എന്നോട് ക്ഷമിക്കുക... പരുപരുത്ത ശബ്ധത്തില്‍ അയാള്‍ എന്നോട് സംസാരിച്ചു തുടങ്ങി. ഉറക്കം കളഞ്ഞ അനിഷ്ട്ടത്തോടെ ഞാന്‍ അയാളെ രൂക്ഷമായി ഒന്ന്‍ നോക്കി. ഞാന്‍ ഇവിടെ വന്നിരുന്നത് സാറിന് ഇഷാട്ടമായില്ല എന്ന് മനസിലായി...അതാ ... അയാള്‍ തുടര്‍ന്നു. തണുപ്പ് സഹിക്കുവാന്‍ പറ്റില്ല സാര്‍ ഇന്നലേയും കീമോ ഉണ്ടായിരുന്നു. വലിയ താമസമില്ലാതെ എന്‍റെ ശബ്ദം എന്നില്‍ നിന്നും പോകും; അതിനാല്‍ സാറേ എനിക്ക് സംസാരിക്കുവാന്‍ ഇപ്പൊ വല്യ ആഗ്രഹമാണ്. അയാളുടെ പരിവേദനം എന്നെ ശരിക്കും വിഷമതിലാക്കി. ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് നെടുംകണ്ടം കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് പോകുന്ന ഒരു ജീവനക്കാരനായ ഞാന്‍ ഒരിക്കലും ചെയ്യുവാന്‍ പാടില്ലാത്ത മഹാപരാധം ഒരു ക്യാന്‍സര്‍ രോഗിയോട് അനിഷ്ട്ത്തോടെ പെരുമാറുക. ജോലിക്കിടയില്‍ ആയിരുന്നെങ്കില്‍ സസ്പെന്‍ഷനും തുടര്‍ന്ന്‍ ശിക്ഷണനടപടിയും ഒക്കെ ഉണ്ടാകേണ്ട കൃത്യവിലോപം. തണുപ്പിലും എന്‍റെ നട്ടെല്ലിന്‍റെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി. ഉറക്കമൊക്കെ എങ്ങോപോയ്‌ ഒളിച്ചു. ഈര്‍ഷ്യ ഭാവം മാറ്റി ഞാന്‍ അയാളോടായി പറഞ്ഞു ... രാവിലെ വണ്ടിയില്‍ കയറിയതാ ഉറക്കം തടസപ്പെട്ടപ്പോ അറിയാതെ പറ്റിയതാണ് സാര്‍... ക്ഷമിക്കുക. "അങ്ങ് എവിടെക്കാണ്‌ യാത്ര" .... അദ്ദേഹത്തിന് ഉണ്ടായ ബുദ്ധിമുട്ട് മാറ്റുന്നതിനായി എന്‍റെ വക ചോദ്യ ശരം ഞാന്‍ തൊടുത്തു ഒപ്പം എനിക്ക് ഞാന്‍ അറിയാതെ ഉണ്ടായ വൈക്ലഭ്യം മറയ്ക്കുവാനുള്ള ശ്രമവും ആയിരുന്നു ആ ചോദ്യം.  തണുത്ത പ്രകൃതി ശരിക്കും ആ മനുഷ്യനെ ബുദ്ധിമുട്ടിച്ചിരുന്നു എന്ന് അയാളുടെ പ്രകൃതത്തില്‍ എന്ന എനിക്ക് മനസിലായി. കയ്യില്‍ കരുതിയിരുന്ന ഫ്ലാസ്ക്കില്‍ ഭാര്യ നല്‍കിയ കട്ടന്‍ ഉണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു. അത് അദ്ദേഹത്തിന്‍റെ നേര്‍ക്ക് ഫ്ലാസ്ക്കിന്‍റെ കപ്പില്‍ ഒഴിച്ച് നീട്ടി. അനുഗ്രഹം പോലെ ആ മനുഷ്യന്‍ അത് വിറയ്ക്കുന്ന രണ്ട് കൈകളും കൂട്ടി ചേര്‍ത്ത് വാങ്ങി മൊത്തികുടിക്കുവാന്‍ തുടങ്ങി.

                ഞാന്‍ ഡി.വൈ.എസ്പി റാങ്കില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരുപോലീസുകാരനാണ്. അയാള്‍ എന്‍റെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞുതുടങ്ങി. സര്‍വീസില്‍ ഇരുന്ന കാലത്ത് ഞാനൊരു കാലനായിരുന്നു സാറേ, പലരെയും ഉപദ്രവിക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തിയിരുന്നു; അന്ന് ചെയ്ത്കൂട്ടിയതിന്‍റെ ഫലമാണ് ഞാന്‍ ഇപ്പൊ ഈ അനുഭവിക്കുന്നത്. ഇത് പറയുമ്പോ അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നു. സാറും ഒരുപക്ഷെ എന്നെ അറിയും, ഒരു സമയം നാട്ടിലെ പത്രങ്ങള്‍ പലതും എന്‍റെ പേരുകൊണ്ടാണ് അവരുടെ പേജുകള്‍ നിറച്ചിരുന്നത്. അയാള്‍ അത് പറഞ്ഞുനിര്‍ത്തിയതും ഞാന്‍ അയാളെ നന്നായി ഒന്ന്‍ നോക്കി. ഒരു തരിപ്പ് എന്‍റെ കാലിന്‍റെ പെരുവിരലില്‍ നിന്നും അരിച്ച് മേലേക്ക് കയറിയത് ഞാന്‍ അരിഞ്ഞു. എന്‍റെ കണ്ണുകള്‍ എന്റെ ഉള്ളിലെ ഭയം ഒളിപ്പിക്കുവാന്‍ പാടുപെടുകയായിരുന്നു. കാരണം എന്‍റെ അടുത്ത സീറ്റില്‍ ഇരുക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ തന്നെ പിടിച്ചുലച്ച രാരിച്ചന്‍ കേസില്‍ കൊലപാതകകുറ്റം ചുമത്തപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ആയിരുന്ന രാജപ്പന്‍ പിള്ളയെന്ന ഇടിയന്‍ റാപ്പി എന്ന് ഒരുകാലത്ത് അറിയപ്പെട്ട നിഷ്ട്ടൂരനായ പോലീസുകാരന്‍ ആയിരുന്നു. എന്‍റെ കോളേജ് ജീവിതകാലത്ത് ഇയാളുടെ തല്ല് ഞാനും കൊണ്ടിരുന്നു. അന്ന് അയാള്‍ ഹെഡ്കോണ്‍സ്റ്റബിളായിരുന്നു. ഉരുണ്ട അരഇഞ്ചു വലുപ്പത്തിലുള്ള ചൂരലിന്‍റെ പാട് എന്‍റെ മുതുകില്‍ കണ്ട് അമ്മ വലിയവായില്‍ കരഞ്ഞത് എനിക്കിന്നും ഓര്‍മയുണ്ട്. നേരത്തെ എനിക്ക് തോന്നിയ കരുണയും ദയയുമൊക്കെ എങ്ങോട്ടോ പോയി മറഞ്ഞു, വീണ്ടും എന്‍റെ മുഖത്ത് അയാളോടുള്ള വെറുപ്പ് മിന്നിത്തെളിഞ്ഞു.

                    കണ്ടോ ഞാന്‍ ആരെന്ന് അറിഞ്ഞപ്പോ എന്നോടുള്ള അനിഷ്ട്ടം അങ്ങയുടെ മുഖത്ത് തിരികെ എത്തിയത്. മുഖം മറച്ചാണ് സാറേ ഞാന്‍ ഇപ്പൊ നടക്കുന്നത്. രോഗം മൂര്‍ച്ചിച്ച ശേഷം എനിക്ക് സര്‍വ്വീസില്‍ നിന്നും വിട്ട്നില്‍ക്കേണ്ട നില വന്നു. അന്നാണ് സാര്‍ ഞാന്‍ ശരിക്കും അനുഭവിച്ചത്. സര്‍വ്വീസിലെ ക്രൂരമായ സ്വഭാവം ഞാന്‍ വീട്ടിലും എടുത്ത് പയറ്റിയിരുന്നു; ഏറെ സഹിച്ചശേഷം അവള്‍ ഞങ്ങളുടെ ഏക മകനേയും എടുത്ത് അവളോടൊപ്പം പഠിച്ച സഹാപാടിക്കൊപ്പം ഇറങ്ങിപ്പോയി. ഇപ്പോ ഏതോ വിദേശരാജ്യത്താണ്. വീട് നരകമായി സാറേ എനിക്ക്, സഹായതിനുപോലും ആരുമില്ലാത്ത അവസ്ഥ ബന്ധുക്കളെ നേരത്തെ തന്നെ വെറുപ്പിചിരുന്നത്  കാരണം അവരാരും തിരിഞ്ഞു നോക്കിയിരുന്നില്ല. പാലിയേറ്റീവ് വിഭാഗത്തിലെ ജോലിക്കാരാണ് എന്നെ ചികിത്സക്കായി കൊണ്ട്പോയിരുന്നത്. സാര്‍ അന്ന് ഞാന്‍ എന്‍റെ അധികാരത്തിന്‍റെ ഹുങ്കില്‍ ലോക്കപ്പില്‍ ഉരുട്ടികൊന്ന രാരിച്ചന്‍റെ മകളെ കാണുവാന്‍ പോകുവാ സാറേ; ആ സമയത്താണ് ബസ്സ്‌ പാലാ റോഡിലുള്ള പൂന്തോട്ടത്തിന് അടുത്തെതിയിരുന്നത്; അന്നേരമാണ് അയാള്‍ എന്നോടായി പറഞ്ഞത് അല്ല ചോദിച്ചത് ... "സാറേ പൂക്കള്‍ക്ക് ഹൃദയമുണ്ടോയെന്ന്"... "ഉണ്ട് സാറേ .. പൂക്കള്‍ക്ക് ഹൃദയമുണ്ട്" അയാള്‍ തുടര്‍ന്നു... "ഏറെ നാളത്തെ എന്‍റെ ക്ഷമപറച്ചില്‍ അവള്‍ മേരിക്കുട്ടി അംഗീകരിച്ചു ... രാരിച്ചന്‍റെ മകള്‍ മേരിക്കുട്ടി ... നേരില്‍ കാണുവാനായി ഞാന്‍ പോകുവാ ... അവളെ ഞാന്‍ എന്റെ മകളായി ദത്തെടുക്കും... എന്‍റെ സമ്പാദ്യം മുഴുവനും ഞാന്‍ അവള്‍ക്കായി നല്‍കും സാറേ... എന്‍റെ പാപങ്ങള്‍ അങ്ങനെയ്നെകിലും എനിക്ക് .... എനിക്ക് കുറച്ചെങ്കിലും കഴുകികളയണം സാറേ." അയാളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു ... സാറ് ഏ ബാഗ് കണ്ടോ ഇതില്‍ നിറയെ കാശാ സാറേ അവള്‍ക്കായുള്ള കാശ് .. അപ്പന്‍ മരിച്ച ശേഷം ഏതോ അധമന്‍ അവളെ പിച്ചിചീന്തിയിരുന്നു ... അവള്‍ക്ക് ഒരു നല്ല മകളുണ്ട് ... അവരെ രണ്ടാളെയും റാണിമാരെപ്പോലെ അല്ല റാണിമാരായി ഞാന്‍ ഈ ലോകത്തിന് മുന്നില്‍ കൊണ്ട് വരും... എനിക്കും ഈ അവസാനകാലത്ത് ഇച്ചിരി നന്മ വേണം സാറേ.

                        ബസ്സ്‌ രാജാക്കാട് എത്തിയതും ഞാനും അയാള്‍ക്കൊപ്പം ചേരുവാന്‍ തീരുമാനിച്ചു. എനിക്കും ആ കാഴ്ച ഒന്ന് കാണണമായിരുന്നു .... ഞങ്ങള്‍ ഒരുമിച്ച് മുന്നിലുള്ള കല്‍റോടിലൂടെ മേലേക്ക് വച്ച് പിടിച്ചു. കുറച്ച് ദൂരം ചെന്നപ്പോഴേക്കും നാട്ടുകാരായ പലരും ഞങ്ങളെ കടന്ന് വേഗത്തില്‍ കുതിക്കുന്നത് കണ്ടു. ഓടുന്നവരുടെ എണ്ണം കൂടിവന്നതിനാല്‍ അതിലൊരാളോടായി  ഞാന്‍ ചോദിച്ചു "എന്താണ് ചേട്ടാ എല്ലാരും ഓടുന്നത്?" സാറേ സേവ്യര്‍ മുതാളിയുടെ തോട്ടത്തിലെ ബംഗ്ളാവിന് മുന്നില്‍ ലെ രാരിച്ചനില്ലേ മ്മടെ ഉരുട്ടികൊല രാരിച്ചന്‍ .. അവന്‍റെ മകള് തൂങ്ങി ... അവളുടെ കൊച്ച് ഏ രാരിച്ചന്‍ മുതലാളിടെ മകന്‍റെയാണെന്ന് ഈ നാട്ടുകാര്‍ക്ക് ഏറെക്കുറെ ഉറപ്പാ ... അതിന് ദീനം കൂടി ഇന്നലെ ചത്തു ... അതിനെ അടക്കാനായി ഇന്ന് പള്ളിവിളിച്ച് പറഞ്ഞതാ .... അതിനെടെല്‍ ആ പെങ്കൊച്ച് ...... ആ ഇടിയനില്ലേ സാറേ അയാള്‍ ഇതിനൊക്കെ അനുഭവിക്കും....". സ്ഥലകാല ബോധം വീണ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോ എന്‍റെ ഒപ്പം രാജപ്പന്‍ പിള്ള ഇല്ല... കുറച്ചകലെ അയാളുടെ കൈയിലെ ബാഗ് കിടക്കുന്നത് കണ്ടു അതിനടുത്തായി അയാള്‍ കണ്ണ് മലര്‍ക്കെ തുറന്ന് വാ മലര്‍ക്കെ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. വഗമരപ്പൂക്കള്‍   അയാളുടെ ദേഹത്തും മുഖത്തുമായി ചുമല പട്ടുവിരിച്ചത് പോലെ കാണപ്പെട്ടു....... അയാളുടെ വാക്കുകള്‍ എന്‍റെ കാതുകളില്‍ മുഴങ്ങി " സാറേ പൂക്കള്‍ക്ക് ഹൃദയമുണ്ട് സാറേ..................."

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)