നിയോഗം

 "നിയോഗം"

കിഴക്കൻ വെള്ളം കായലിനെ കലക്കി മറിയിച്ചിട്ടുണ്ട്..... തോട്ടിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം പരൽ മത്സ്യങ്ങൾ തിണിർത്ത് നീങ്ങുന്നത് തണ്ടാൻ കേശവേട്ടൻ ചിറയിൽ ചില്ലിതെങ്ങിന്റെ ചോട്ടിൽ നിന്ന് നോക്കി നിന്നു. മോനെ ആകെ വഴു വഴുപ്പാണ് മഴ ഇവിടെ പെയ്തില്ലെങ്കിലും തെങ്ങിൽ അപ്പടി ഈർപ്പം പിടിച്ച് നിൽക്കുവാ. "കേശവേട്ടാ നോക്കി മതിട്ടോ" ഞാൻ പറഞ്ഞു. കഴിഞ്ഞ ആറ് കൊല്ലമായി അമ്പത്തിരണ്ട് തെങ്ങുകളുള്ള ചിറയിലേക്ക് എത്തി നോക്കിയിട്ട് പോലും. അച്ഛൻ പോകുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത് വാങ്ങി ഇട്ട അന്ന് കേശവേട്ടൻ തെങ്ങ് കയറിയതാ പിന്നീട് ഈ വഴിക്ക് വരാൻ തോന്നിയിട്ടില്ല. മാട്ടം കൊടുത്ത നാല് ചെന്തെങ് കൂടി ചേർന്നാൽ അമ്പത്തിയാറ് തേങ്ങുകൾ. കിഴക്കന്മല വർക്കി ഏതോ കൗതുകത്തിന് കുട്ടനാട് കാണാൻ വന്നപ്പോ വാങ്ങി ഒടുവിൽ വെള്ളം കണ്ട പേടിയിൽ ബ്രോക്കർ അവുക്കറിനോട് എങ്ങനെയും ഒന്ന് ഒഴിവാക്കിത്താ എന്ന് പറഞ്ഞ് ഏല്പിച്ച പുരയിടം ഇന്ന് എന്റെ കയ്യിലിരിക്കുന്നു. അച്ഛൻ ഒടുവിലായി ചവിട്ടിയ മണ്ണ്. ഈ മണ്ണിലൂടെ നടക്കുമ്പോളാ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതും കരയിലേക്ക് എത്തുമുമ്പേ പോയിക്കളഞ്ഞതും. ഇപ്പൊ അമ്മയും ഞാനും മാത്രം. ഈ മണ്ണിൽ ചവിട്ടി നിൽക്കുമ്പോ അച്ഛന്റെ മണം കിട്ടുന്നുണ്ട്. സ്വന്തമായി അധ്വാനിച്ച് ആദ്യമായി സ്വന്തമാക്കിയ ഭൂമി. രജിസ്ട്രാപ്പീസിൽ വസ്തു തീറ് ചെയ്ത് വാങ്ങുമ്പോൾ അച്ഛന്റെ കണ്ണിൽ കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു. എങ്ങും എത്തില്ല എന്ന് സമൂഹം ഒന്നടങ്കം കുറ്റപ്പെടുത്തിയിട്ടും എന്നെ നാട്ടിലെ ഏറ്റവും നല്ല സ്കൂളിൽ പഠിപ്പിക്കാൻ അവർ ചെയ്ത ജോലികൾക്ക് കണക്കില്ല. പശുവിനെ വളർത്തി അതിനായി പുല്ല് വാങ്ങാനുള്ള ചിലവ് കുറക്കാൻ പാടത്ത് പോയി പുല്ല് ചെത്തി, കയർ പിരിക്കുന്ന വീടുകളിൽ പോയി തലച്ചുമടായി കയർ കൊണ്ട് വന്ന് വിൽപ്പന നടത്തി, ഒടുവിൽ അമ്പത്തിരണ്ടാം വയസ്സിൽ ചാപ്രായിൽ നെയ്യുവാനും പോയി ആ പാവങ്ങൾ. ഞാനോ എന്തിനോ വേണ്ടി ആർക്കോ വേണ്ടിഎന്നപോലെ ഒഴുകി നീങ്ങി; മഴയിൽ തൊട്ടിലേക്ക് പരൽ മീൻ കുഞ്ഞുങ്ങൾ നീന്തുവാൻ കഴിയാതെ ഒഴുകി ഇറങ്ങിയപോലെ. വെള്ളത്തിലേക്ക് കേശവേട്ടൻ വെട്ടിയിട്ട തേങ്ങയുണ്ടാക്കിയ "ബ്ലും" എന്ന ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഉഴപ്പിന്റെ പാരമ്യതയിൽ നിന്നും തിരികെ വരുക അത്ര എളുപ്പമല്ല എന്ന് മനസിലാക്കി വന്നപ്പോൾ കാലം ഒരുപാട് കഴിഞ്ഞിരുന്നു. മനുഷ്യൻ സാമൂഹ്യ ജീവിയാണെങ്കിലും ജീവിക്കാൻ പണം എന്ന വിനിമയ മാർഗത്തിന്റെ ആവശ്യം വളരെ വലുതാണെന്ന് ഞാനും തിരിച്ചറിഞ്ഞിരുന്നു. ആരോടും ഒരു പരിഭവമോ ആവലാതിയോ പറഞ്ഞ് എന്റെ അമ്മ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല പക്ഷേ സ്വയം ഉരുകുകയായിരുന്നു അവർ എന്നും ഞാൻ വളരെ വൈകിയെങ്കിലും തിരിച്ചറിഞ്ഞിരുന്നു. എതിരെ നീന്തുവാൻ ഏറെ ശ്രമിച്ചു നോക്കിയെങ്കിലും നീന്തൽ വിദഗ്ധരായ മിടുക്കർക്കിടയിൽ ഈ ഉഴപ്പന് പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ ഏതോ പ്രാർഥനയിൽ കിട്ടിയ സർക്കാർ ജോലി; ജോയിൻ ചെയ്യുവാൻ പോയ അന്ന് അമ്മയുടെ കണ്ണ് നിറഞ്ഞതും ഞാൻ കണ്ടു. " എടാ അച്ഛനായി വാങ്ങിയ മണ്ണാ വിനയാ അത്... നീ ഒന്ന് പോയി നോക്ക്... കേശവൻ ഇന്നലെ കണ്ടപ്പോളും പറഞ്ഞു തേങ്ങ ഒക്കെയും കായലിൽ ഒഴുകുകയാണെന്ന്" അമ്മയുടെ ശാസന രൂപേണയുള്ള വാക്കുകളാണ് കേശവേട്ടനേയും കൂട്ടി നൽപ്പത്തിൽ ചിറ എന്ന എന്റെ അച്ഛന്റെ പേരിലുള്ള അച്ഛൻ സ്വന്തമായി വാങ്ങിയ മണ്ണിൽ മനസ്സില്ലാ മനസോടെ ഞാൻ എത്തപ്പെട്ടത്. അടുത്ത കുല തേങ്ങ കേശവേട്ടൻ വെട്ടിയിട്ടത് ചിറയിലേക്ക് തന്നെയാണ് അതിൽ നിന്നും ഒരെണ്ണം തെറിച്ച് വീണത് അടുത്തുള്ള പൊന്തക്കാട്ടിലേക്കാണ്. ആരാലും തിരിഞ്ഞ് നോക്കാതെ കിടന്ന പറമ്പ് ആകെ പ്രബുദ്ധരായ ജനം വിഴിപ്പുകൾ നിറക്കാൻ ഉപയോഗിക്കുകയായിരുന്നു എന്ന് കാലുകുത്തിയപ്പോഴേ മനസിലാക്കിയിരുന്നു. അച്ഛന്റെ വിയർപ്പിൽ വാങ്ങിയ വസ്തുവിൽ എന്റെ മടി, ഉഴപ്പ് കാരണം.... എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിരുന്നു. ആ വിഴുപ്പുകൾക്കിടയിൽ ഒരു ചാക്ക് കെട്ട്... അതിൽ ചെറിയ അനക്കവും. "കേശവേട്ടാ ഇങ്ങോട്ട് ഒന്ന് വേഗം വന്നേ.. ദേ ഇതൊന്ന് നോക്കിയേ". കേശവേട്ടൻ ഓടി വന്ന് ചാക്ക് അഴിച്ചു... അദ്ധേഹത്തിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു; ഈ ഭൂമി വാങ്ങിയ അവസരത്തിൽ എന്റെ അച്ഛന്റെ കണ്ണുകളിൽ കണ്ട അതെ കണ്ണീർ. ആറ് നായ കുട്ടികൾ... ആരോ ചാക്കിൽ കെട്ടി ഉപേക്ഷിച്ചവ... മഴയിൽ ചാക്ക് വെള്ളത്തിൽ ആണ്ട് അതിൽ അഞ്ചും ചത്ത്‌ പോയിരിക്കുന്നു... ആറാമൻ ചാക്കിന്റെ കെട്ടിൽ കടിച്ച് പിടിച്ച് ജീവനായി പൊരുതുകയായിരുന്നു. മോനെ ഇതിന് മാത്രം ജീവനുണ്ട്.... എന്ത് ചെയ്യണം. അച്ഛൻ വാങ്ങിയ മണ്ണിൽ നിന്നും ലഭിച്ച ജീവന്റെ ആ തുടിപ്പ്... അതിനെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റുവാനുള്ള നിയോഗമാവും എന്റേത്.. അച്ഛൻ എന്നിലേൽപ്പിച്ച നിയോഗം. തേങ്ങയുമായി വള്ളത്തിൽ തിരികെ പോരുമ്പോൾ അവനേയും ഞാൻ ചേർത്ത് പിടിച്ചു... ചാറ്റമഴയിൽ നനയാതെ... എനിക്ക് എന്റെ അച്ഛൻ നെഞ്ചിലെ ചൂടേകിയപോലെ...


...............ശുഭം................


(ചിത്രൻ പ്രശാന്ത്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം