ഉത്ഥാനം
ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ.... ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ.... പ്രത്യാശയോടെ നമുക്ക് ജീവിക്കാം... ഏവരും നിങ്ങളുടെ ഭാവനങ്ങളിലേക്ക് മടങ്ങി പോക്കിൻ.. അവൻ നിങ്ങൾ ഏവരുടെയും ഭവനത്തിൽ എത്തി നിങ്ങളേവരേയും അവന്റെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടവരാക്കുന്നതാണ്.... അവന്റെ നാമം വാഴ്ത്തപ്പെടട്ടെ.. ഫിലിപ്പച്ചന്റെ പുനരുത്ഥാന ശംഘുവിളിക്ക് ശേഷമുള്ള സന്ദേശം അവസാനിച്ചപ്പോഴാണ് മത്തായിച്ചൻ കണ്ണുകൾ തുറന്നത്. ഏക മകൻ തന്റെ വാക്കുകൾ കേൾക്കാതെ അന്യമതസ്ഥയായ പെണ്ണിനേയും കെട്ടി ക്യാനടയിൽ തമാസമാക്കിയിട്ട് ഈസ്റ്റർ എത്തിയപ്പോ പത്തു കൊല്ലം തികഞ്ഞിരുന്നു. മത്തായിച്ചൻ അതിനു ശേഷം പള്ളിയിൽ പോയിരുന്നില്ല.
കുടിയേറ്റക്കാരൻ ആയിരുന്നെങ്കിലും മത്തായിച്ചൻ അന്നാട്ടിലേക്ക് എത്തിയതേ സമ്പന്നനായിട്ട് തന്നെയാ, കോട്ടയം പ്രവിത്താനം കുഞ്ഞൂഞ്ഞിന്റെ രണ്ട് മക്കളിൽ ഇളയവനായ മത്തായി അപ്പന്റെ ആവശ്യപ്രകാരമാണ് ഇടുക്കിയിലേക്ക് കുടിയേറിയത്. മത്തായി ഭാര്യ ജാൻസിയുമായി വന്ന അന്ന് തുടങ്ങി മണ്ണുമായി യുദ്ധം.. സമ്പന്നനായിരുന്നെങ്കിലും പണിക്കാരോടൊപ്പം മണ്ണിൽ പണിയെടുക്കുന്നതിൽ മത്തായി ആനന്ദം കണ്ടെത്തിയിരുന്നു. അപ്പൻ നൽകിയ പത്ത് രണ്ട് വർഷങ്ങൾക്കൊണ്ട് മത്തായി ആയിരമാക്കി. നാട്ടിലെ ആരാധനാലയം നിർമിച്ചത് മത്തായി സംഭാവന ചെയ്ത സ്ഥലത്ത് മത്തായിയുടെ സ്വന്തം പണത്താലാണ്. ആ കർത്താവിനോട് മത്തായി പിണങ്ങി. ഉയിർപ്പിന്റെ തിരുനാൾ രാത്രി മകൻ കൈപിടിച്ച് കൊണ്ടുവന്ന സെൽവിയെ മത്തായി പടികടക്കാൻ അനുവദിച്ചില്ല. അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്ത സെൽവിയെ അംഗീകരിക്കുവാൻ മത്തായിക്ക് ഒരിക്കലും കഴിയുമായിരുന്നില്ല..
അപ്പന്റെ എതിർപ്പ് അവഗണിച്ചു മകൻ സക്കറിയ അന്ന് ഇറങ്ങിയതാണ് വീട്ടില്‍ നിന്ന് അതും ഒരു ഉയിർപ്പ് തിരുന്നാൾ ദിവസം... മകന്റെ ഇറങ്ങിപോക്ക് കണ്ട് ജാൻസി തളർന്ന് വീണു... വീണ കിടപ്പ് ഇന്നും തുടരുന്നു. ഇന്ന് മത്തായി തനിച്ചാണ്. ആ ഏകാന്തത കണ്ടറിഞ്ഞ് പള്ളിയിലേക്ക് പുതുതായി വന്ന മത്തായിയുടെ ചാർച്ചക്കാരനായ ഫിലിപ്പച്ചനാണ് നിർബന്ധിച്ചു മത്തായിയെ പള്ളിയിലേക്ക് എത്തിച്ചത്.
പടികളിറങ്ങുമ്പോൾ മത്തായിച്ചന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ജാൻസി കർത്താവ് ഉത്ഥാനം ചെയ്ത പോലെ ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ എന്ന് അയാളുടെ മനസ്സ് അതിയായി ആഗ്രഹിച്ചു. കർത്താവിനോട് അയാൾക്ക് വെറുപ്പ് തോന്നിത്തുടങ്ങിയിരുന്നു. ആരോടും ഒരുദ്രോഹവും ചെയ്യാത്ത കഴിവിന്റെ പരമാവധി ധാനധർമ്മങ്ങൾ ചെയ്യുന്ന തനിക്ക് എന്തിന് ഇത്ര കടുത്ത വേദനകൾ നൽകുന്നു എന്നോർത്ത് പരിതപ്പിച്ചു. കവലയിൽ എത്തി ബേക്കറിയിൽ നിന്നും വാങ്ങാറുള്ള റൊട്ടിയും വാങ്ങി മത്തായി നടന്നു. പടിക്കലെത്തിയ മത്തായി അത്ഭുതം കണ്ട് കണ്ണ് നിറഞ്ഞു. ദിവ്യവെളിച്ചം പിന്നിലാക്കി ജാൻസി പടിക്കൽ നിൽക്കുന്നു. കണ്ടത് വിശ്വസിക്കുവാനാവാതെ മത്തായിച്ചൻ പകച്ചു നിന്നു. "നിങ്ങളെന്താ ച്ചായ കണ്ണ് തള്ളി നിൽക്കുന്നെ... ഇത് ഞാൻ തന്നെയാ..". മത്തായിച്ചന് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അയാൾ കർത്താവിനെ മനസ്സിൽ കണ്ട് അപരാധങ്ങൾ പൊറുക്കനെയെന്ന് കേണു.
മത്തായിച്ചൻ നോക്കി നിൽക്കെ ഉയിർപ്പിൽ കർത്താവ് കല്ലറയിൽ നിന്ന് പൊന്തി വന്ന പോലെ അതെ ദിവ്യവെളിച്ചെവുമയി ജാൻസിയുടെ പിന്നിൽ നിന്നും അഞ്ച് വയസ്സുള്ള സക്കറിയ പ്രത്യക്ഷപ്പെട്ടു. അത്ഭുതങ്ങളിൽ വിശ്വസിക്കാതിരുന്ന മത്തായി തരിച്ചു നിൽക്കെ വീടിനുള്ളിൽ നിന്നും സെൽവി ഓടി വന്ന് മത്തായിച്ചന്റെ കാൽക്കൽ വീണു.. അയാൾക്ക് അത് തടയുവാൻ കരുത്തില്ലായിരുന്നു. അല്ലെങ്കിൽ ആ തിരിച്ചു വരവ് അയാൾ ആഗ്രഹിച്ചതായിരുന്നു. ജാൻസി ഉറക്കെ വിളിച്ചു പറഞ്ഞ് കൊണ്ട് വീടിനകത്തേക്ക് കേറിപ്പോയി.."നിങ്ങൾ ഇനി എന്ത് ചെയ്താലും എന്റെ സക്കറിയാടെ കൊച്ചിനെ ഞാൻ തരില്ല"...
സെൽവിയെ ഇരുകൈകളാൽ മത്തായിച്ചൻ പിടിച്ചെഴുന്നേൽപ്പിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സെൽവിയുടെ നേർക്ക് നോക്കുവാൻ അയാൾക്ക് കരുത്തില്ലായിരുന്നു. ഏക മകൻ ക്യാനടയിൽ ട്രക്ക് ഓടിച്ചിരുന്നതും അതുമായി പോകും വഴി കഴിഞ്ഞ ഈസ്റ്ററിന് അപകടത്തിൽ മരണമടഞ്ഞതും അയാൾ അറിഞ്ഞിരുന്നു. ആരോടും പറയുവാൻ ആവാതെ ഉള്ളിൽ സൂക്ഷിച്ച വേദന അയാളെ സെൽവിയെ തേടിപ്പിടിക്കുവാൻ തീരുമാനിച്ചിരുന്നു. ഒടുവിൽ താഴെ താമസിക്കുന്ന ലാസറിന്റെ മകൻ വഴി സെൽവിയെ ഫോണിലൂടെ വിളിച്ച് നാട്ടിലേക്ക് വരുവാൻ ആവശ്യപ്പെട്ടിരുന്നു.
മത്തായി സെൽവിയുടെ കൈപിടിച്ച് മകന്റെ മരണം അമ്മയെ അറിയിക്കുവാനുള്ള കരുത്തില്ലാതെ മകന്റെ ഉത്ഥാനം കണ്ട് ഉയിർപ്പ് തിരുന്നാളിന്റെ ആ ദിവസം വീടിനുള്ളിലേക്ക് നടന്നു... കർത്താവിനോട് മകനെ തിരിച്ചു തന്നതിന് നന്ദി പറഞ്ഞുകൊണ്ട്.. ✝ (ചിത്രന്‍ പ്രശാന്ത്)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ