സൗന്ദര്യം
സത്യഭാമ നിന്ന് അലറുകയാണ്, "ദൂരപ്പോ എനിക്ക് അറപ്പ് തോന്നുന്നു.... അയാളോട് ദൂരെപ്പോകാൻ പറ". അവളുടെ അലർച്ചയും ദേഷ്യവും കണ്ട് പകച്ചു നിൽക്കുകയാണ് ആ പാവം മനുഷ്യൻ. സർക്കാർ ആശുപത്രിയാണെന്ന് പോലും നോക്കാതെയാണ് സത്യഭാമ വിളിച്ചു കൂവുന്നത്... നായയുടെ ഓലിയിടൽ പോലെ തോന്നി എനിക്ക്. അയാൾ തിരിച്ചു നിന്ന് പറഞ്ഞാൽ മതി "ഇത് നിങ്ങടെ തറവാട്ട് സ്വത്തല്ല എന്നോട് പോകാൻ പറയാൻ" എന്ന്. പക്ഷെ അയാൾ അത് പറഞ്ഞില്ല. റോഡിൽ ആക്സിഡന്റിൽ കിടന്ന ആരെയോ എത്തിച്ചു പോകുന്ന കൂട്ടത്തിൽ വന്നതാണ് ആ പാവം. തിരിച്ചു നടക്കുന്നതിനിടയിൽ അയാൾ അവളുടെ ദേഹത്ത് അറിയാതെ ഒന്ന് തട്ടി... ആ നേരം മുതൽ തുടങ്ങിയതാണ് അവളുടെ പള്ള് പറച്ചിൽ. തീരിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ അയാൾ ആശുപത്രി ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ നടന്ന് നീങ്ങി. ആ കാഴ്ച എന്റെ ഉള്ള് പൊള്ളിച്ചുവെങ്കിലും സത്യയുടെ മകനെ എന്റെ അനന്തിരവനെ ഐ. സി. യു -വിലേക്ക് മാറ്റി എന്ന അറിവ് എന്റെ കാലുകളുടെ വേഗം കൂട്ടി. സത്യഭാമ അവൾ എന്റെ ചേച്ചിയാണ് എങ്കിലും, ചെറുപ്പം മുതൽക്കേ അവളുടെ പെരുമാറ്റവും രീതികളും എനിക്ക് അസ്സഹനീയമായിരുന്നു. മുതിർന്ന ശേഷം അവൾ പഠനം പൂർത്തിയാക്കി സംഗീത അദ്ധ്യാപികയായി മാറി. പഠനത്തിനായി വരുന്ന കുഞ്ഞുകുട്ടികളെ പോലും അവൾ അളന്നിരുന്നത് അവരുടെ കഴിവ് കൊണ്ടല്ല, വർണ്ണം കൊണ്ടും സൗന്ദര്യം കൊണ്ടുമായിരുന്നു. അവൾ വിവാഹം കഴിച്ചത് പോലും അവളെക്കാൾ നിറമുള്ളവൻ ആവണം എന്ന വാശിയോടെ ആയിരുന്നു. ഒടുവിൽ നിറം കൂടിയവൻ അവളെക്കാൾ നിറമുള്ളവളെ കണ്ടപ്പോൾ പത്ത് വയസുള്ള മകൻ ഉണ്ടായിരുന്നിട്ടും വിദേശ വനിതയുടെ കൂടെ പോയതും ഞാൻ ഓർക്കുന്നു. ദുരന്തങ്ങൾ ഒത്തിരി വന്നിട്ടും അവളുടെ ഈ ദുരന്ത സ്വഭാവത്തിന് മാറ്റങ്ങൾ വന്നില്ല. കഴിഞ്ഞ രാത്രി കോളേജിലെ കൂട്ടുകാരോടൊന്നിച്ചു വന്ന മകൻ അരുൺ ബൈക്ക് ഹൈമാസ്‌റ്റ് ലൈറ്റിലേക്ക് ഇടിച്ചു കയറ്റി ആശുപത്രിയിലാണ് നീ ഒന്ന് വേഗം വരൂ എന്ന അവളുടെ വിളിയാണ് എന്നെ ഇങ്ങോട്ട് എത്തിച്ചത്. സത്യയുടെ പിന്നാലെ ഞാനും ഓടുകയായിരുന്നു. കണ്ണുകൾ കലങ്ങി മറിഞ്ഞ അവളുടെ മുന്നിൽ എന്റെ നെഞ്ചും പിടഞ്ഞു. ഇന്റസീവ് കെയർ യുണിറ്റിന്റെ വാതിൽ തുറന്ന് വന്ന ഡോക്ടർ അവൾക്ക് പരിചയമുള്ള ആളായിരുന്നു. "എത്രയും വേഗം രണ്ട് ബോട്ടിൽ എ നെഗറ്റീവ് ബ്ലേഡ് വേണം സത്യ.... ആരെയെങ്കിലും ഒന്ന് നോക്കൂ... ഒരാളെ വേണമെങ്കിൽ ഞാൻ ആശുപത്രിയിൽ നിന്നും തരാം... മറ്റേത് നിങ്ങൾ തന്നെ കണ്ടെത്തണം... റെയർ ഗ്രൂപ്പ് ആയതിനാൽ ഞങ്ങൾക്കും പരിമിതകളുണ്ട് സത്യ". ഡോക്ടർ പറഞ്ഞ് അവസാനിപ്പിച്ചപ്പോ അവളുടെ കണ്ണുകൾ എന്നിലേക്ക് വന്നു... ദയനീയതയോടെ. അറിയാവുന്ന സുഹൃത്തുക്കൾക്കൊക്കെ വാട്സാപ്പ് വഴി മെസ്സേജ് നൽകി. നേരം വെളുപ്പിന് ഒരുമണി കഴിഞ്ഞിരുന്നു. ആരൊക്കെ ഈ രാത്രി മെസ്സേജ് നോക്കാനാണ്. ആശുപത്രി കൊറിഡോറിൽ പാറാവ് ഡ്യൂട്ടിയിൽ നിന്നിരുന്ന ചേട്ടനോട് കാര്യം അവതരിപ്പിച്ചു."സാറേ നെഗറ്റീവ് ഗ്രൂപ്പുകൾ കിട്ടുവാൻ വലിയ ബുദ്ധിമുട്ടാ.. സാർ പേടിക്കാതെ നമുക്ക് നോക്കാം". ഇതും പറഞ്ഞ് ആ ചേട്ടൻ ഡ്യൂട്ടി റൂമിലേക്ക് നോക്കി പറഞ്ഞു; "എടാ അച്ചുവേ നമ്മുടെ മമ്മൂട്ടി അന്ത്രോസ് എവിടെ അവനെ ഇവിടെ കണ്ടതാണല്ലോ ഒരൽപ്പം മുന്നേ... നീ അവനെ ഒന്ന് വിളി അവന്റേത് എ നെഗറ്റീവ് അല്ലെ". "സാർ പൊക്കോ അവൻ വരും പാവമാണ് സാറേ പൊതുജന സേവനം ഏതാണ്ട് ജീവിത ലക്ഷ്യം പോലെ കൊണ്ട് നടക്കുന്നവൻ... എന്റെ അറിവിൽ അവന്റെ രക്തം കൊണ്ട് രക്ഷപെട്ട മുപ്പത്തിലധികം പേരുണ്ട്... സാറ് പൊക്കോ അവൻ വരും". തിരികെ നടന്ന് ഐ സി യു-വിന്റെ മുന്നിലെത്തി, സത്യ കരഞ്ഞു തളർന്നിരുന്നു. ദയനീയതയോടെ അവൾ വീണ്ടും എന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു, പെട്ടെന്ന് അവളുടെ മുഖത്തെ ഭാവം മാറുന്നതായി എനിക്ക് അനുഭവപ്പെട്ടു... ഞാൻ നോക്കിനിൽക്കേ മുന്നേ സത്യഭാമ ശകാരങ്ങളാൽ പൊതിഞ്ഞ ആ മനുഷ്യൻ സെക്യുരിട്ടിയുമായി വരുന്നു.. "സാറെ ഞാൻ പറഞ്ഞില്ലേ അവൻ വരുമെന്ന്... ഇതാണ് സാർ ഞങ്ങളുടെ മമ്മൂട്ടി അന്ത്രോസ്... ". പരിഭവമോ പകയോ കാട്ടാതെ അയാൾ ഐ. സി. യു വിന്റെ സമീപത്തെ ബ്ലഡ് ബാങ്കിലേക്ക് തന്നെ ശക്കാരിച്ചവളുടെ മകന്റെ ജീവൻ രക്ഷിക്കുവാൻ തന്റെ ജീവ രക്തം ഊറ്റി നൽകുവാൻ കയറിപോകുന്നത് ഞാൻ നോക്കിനിന്നു.... അപ്പോഴും സത്യഭാമയുടെ മുഖത്ത് വെറുപ്പിന്റെ സ്ഫുരണങ്ങൾ നിറഞ്ഞ് നിന്നത് ഞാൻ കണ്ടു.........

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ