ROOM NO 302- HOTEL MANIYAMMA
ഭാഗം -1
കൃത്യമായി പറഞ്ഞാൽ 2 വർഷവും 3 മാസവുമായി മാസവാടക്കാരനായി ഈ ഹോട്ടലിൽ കൂടിയിട്ട്. മലയോര ഗ്രാമമായ മഞ്ഞുമലയിലെ ക്ഷീരോൽപ്പാദകരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച ടെക്നിക്കൽ ഫാം ഡെവലപ്മെന്റ് ക്‌ളസ്റ്റർ 1 ന്റെ ചാർജ് ഓഫീസറായി രാമചന്ദ്രൻ സാറിനൊപ്പം എത്തിയ അന്ന് കേറിക്കൂടിയതാണ് മണിയമ്മയിലെ 301 ആം നമ്പർ മുറിയിൽ. എന്തുകൊണ്ടോ എതിർവശത്തെ 302 ആം നമ്പർ മുറിയിൽ താമസക്കാർ ഉണ്ടാവാറില്ല. രാമചന്ദ്രൻ സാർ പെങ്ങളുടെ വീട്ടിലേക്ക് വൈകുന്നേരം പോയിക്കഴിഞ്ഞാൽ മുറിയിലേക്കെത്തി ചുരുണ്ട് കൂടുക എന്നതാണ് ഞാൻ ചെയ്യാറ്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഹോട്ടൽ ദേവിവിലാസത്തിലെ ആവി പറക്കുന്ന അരക്കുറ്റി പുട്ടും ചൂട് ബീഫ് കറിയും പാർസൽ വാങ്ങി പോരും. ഭക്ഷണം കഴിച്ചിരിക്കെയാണ് പതിവില്ലാതെ അടുത്ത മുറിയിൽ ബഹളം കേട്ടത്. ആരും ഇല്ലാതിരുന്ന മുറിയിൽ ബഹളം കേട്ട് എത്തി നോക്കി, പ്രായം ചെന്ന് താടിയും മുടിയും നരച്ച് ഏകദേശം 60-65 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കാർന്നോരും അയാളുടെ മകളെന്ന് തോന്നിക്കുന്ന 22 വയസ്സ് പ്രായം വരുന്ന ഒരു സുന്ദരിക്കുട്ടിയും. കാര്യം അന്വേഷിച്ചു.... വൈകിട്ടത്തെ കൊടൈക്കനാൽ ബസ്സിന് എത്തിപ്പെട്ടതാണ് രണ്ടാളും. താമസിക്കാൻ അധികം ഹോട്ടലുകൾ ഇല്ലാത്ത മഞ്ഞുമലയിൽ ആകെ ആശ്വാസം മണിയമ്മ മാത്രമാണ്. ഏകദേശം 160 കൊല്ലത്തെ പഴക്കം ഉണ്ട് മണിയമ്മക്ക്. ബ്രിട്ടീഷ് ഭരണകാലത്ത് തേയില കൃഷിക്കായി തുടങ്ങിയ ഓഫീസ് കെട്ടിടം പിന്നീട് കോട്ടയം കാരൻ അനന്തൻ നായർ വാങ്ങി ഭാര്യ മണിയമ്മയുടെ പേരുമിട്ട് കുടിയേറ്റ കർഷകരുടെ തോട്ടങ്ങളിൽ പണിക്ക് വരുന്ന തമിഴന്മാർക്ക് വാടകക്ക് നൽകി ലോഡ്ജായി തുടങ്ങിയ സ്ഥാപനം ടൂറിസം വളർന്നതനുസരിച്ച് മക്കൾ രമേശനും ദിനേശനും ചേർന്ന് ഹോട്ടൽ മണിയമ്മ ആക്കി, പക്ഷേ പ്രതീക്ഷിച്ച വളർച്ച ടൂറിസത്തിന് ഉണ്ടാകാതെ വന്നതിന്റെ ഗുണം മഞ്ഞുമലയിലെക്ക് എത്തപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ ചിലവിൽ താമസിക്കാൻ ഇടം ആയി എന്നതാണ്. കാർന്നേരോട് വിവരം തിരക്കി തെക്ക് കായംകുളം പ്രദേശത്തെ ഉൾഗ്രാത്തിൽ നിന്നും വില്ലേജ് ഓഫിസിൽ മകൾ രാജലക്ഷ്മിക്ക് ജോലി ലഭിച്ച് എത്തപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. താമസ സൗകര്യം ലഭിക്കാത്തതിനാൽ ആണ് അവർ ലോഡ്ജിലേക്ക് എത്തപ്പെട്ടത്. മകളുടെ ഓഫിസിലെ ഏക വനിത ആയതിനാൽ താമസം പ്രശ്നത്തിലാണ്. ഒറ്റക്ക് എങ്ങനെ മകളെ ഹോട്ടലിൽ നിർത്തും എന്നതിനേചൊല്ലിയുള്ള തർക്കമാണ് ബഹളരൂപത്തിൽ എന്നിലേക്ക് എത്തിയത്. 305 ലെ താമസക്കാർ കെ. എഫ്. സി യിൽ ജോലി നോക്കുന്ന രണ്ട് പെൺകുട്ടികളാണെന്ന് കാർന്നോരെ ബോധ്യപ്പെടുത്തിയപ്പോളാണ് ആൾക്ക് സമാധാനം ആയത്, ഇളയ മകളാണ് രാജി എന്ന് വിളിക്കുന്ന രാജലക്ഷ്മി മൂത്ത മകൾ വിവാഹബന്ധം വേർപെടുത്തി വീട്ടിലുണ്ട്, ഭാര്യ കിടപ്പ് രോഗിയായതിനാൽ കാർന്നോർക്ക് മകൾക്കൊപ്പം നിൽക്കാനുമാവില്ല. സാമ്പത്തീക പരാധീനതയിൽ ഉഴലുന്ന കുടുംബത്തിന് കിട്ടിയ ഒരു പിടിവള്ളിയാണ് മകൾക്ക് കിട്ടിയ സർക്കാർ ജോലി. കാർന്നോരെ പറഞ്ഞ് സമാധാനിപ്പിച്ച് മുറിയിലാക്കി ഭക്ഷണം കഴിച്ച്, ഞാൻ എന്റെ വായനയിലേക്കും തുടർന്ന് ഉറക്കത്തിന്റെ ആഴത്തിലേക്കും ഊളിയിട്ടു.
തുടരും.........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ