ചിരി

 


**************************


എന്നെ നോക്കി ചിരിക്കുന്ന ലോകം... എല്ലാ കണ്ണുകളും എന്നിലേക്ക് നോക്കി ആർത്തുചിരിക്കുന്നു.. എന്നെ ഇല്ലാതാക്കുന്ന ചിരി, ഭയം തോന്നുന്ന ചിരി. ഭ്രാന്ത് വന്നവർ ചിരിക്കുന്നത് കണ്ട് കൂട്ടിക്കാലത്ത് പേടിച്ചോടിയിട്ടുണ്ട്. പക്ഷേ അന്ന് അച്ഛന്റെ മുഖത്ത് കണ്ട ചിരി അതല്ലായിരുന്നു; അതൊരു പുഞ്ചിരിയായിരുന്നു ഒരിക്കലും ഉണരാത്ത ഉറക്കത്തിലെ പുഞ്ചിരി, ഉറക്കത്തിൽ എപ്പോഴോ അമ്മയുടെ വിളികേട്ട് എഴുന്നേറ്റ ഞാൻ കണ്ടത് ഇരുകൈകളും ചുരുട്ടി ദേഹത്തിന്റെ രണ്ട് വശത്തേക്കും മടക്കി ആകാവുന്ന ബലം നൽകി നിവർന്നു കിടക്കുന്ന അച്ഛനെയാണ്. പണ്ട് രണ്ട് വട്ടം ഇതേ പ്രകൃതം കാണിച്ച അവസരത്തിൽ സ്കൗട്ട് ക്യാമ്പിൽ നിന്നും ലഭിച്ച സിപിആർ ഭയം കൂടാതെ പ്രയോഗിച്ചതിനാലാണ് അന്ന് അച്ഛനെ തിരികെ കിട്ടിയതെന്ന് സുഹൃത്ത് കൂടിയായ ലേഡി ഡോക്ടർ പറഞ്ഞപ്പോഴാണ് മനസിലായത്; പക്ഷേ ഇപ്പൊ എന്തോ കയ്യും കാലും ഒന്നും എന്റെ ഇഷ്ടത്തിന് പ്രവർത്തിക്കാത്ത പോലെ, കൈകളിലെ ശക്തി ചോർന്നു പോയ പോലെ... ആർത്തലക്കുന്ന അമ്മയുടെ ശബ്ദം ന്റെ ചെവി പൊട്ടിക്കുന്നതായി തോന്നി. ഇല്ലാ ആ ദേഹം തണുത്തിരിക്കുന്നു.. എനിക്ക് ഒന്നും ചെയ്യാനില്ല... കണ്ണിലേക്കു ഇരുട്ട് തിങ്ങി നിറയുന്നു.. ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും ഗ്രഹിക്കാൻ കഴിയാത്ത അവസ്ഥ. ഇതിനിടയിൽ അയല്പക്കത്തെ വീടുകളിൽ നിന്നും എത്തിയവർ എന്നെയും വലിച്ച് കാറിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ എത്തിയിരുന്നു ... ആശുപത്രിയുടെ പടികളിലേക്ക് വേച്ച് വെച്ച് ഇറങ്ങിയെങ്കിലും എന്റെ കാൽ എന്നെ പിന്നോക്കം വലിക്കുകയായിരുന്നു. അച്ഛൻ ഇനി ഇല്ലായെന്ന സത്യം ഏറെക്കുറെ എന്റെ ബോധമനസ്സ് എന്നിലേക്ക് എത്തിച്ചിരുന്നു. "ഇല്ല ചിത്രൻ ചേട്ടന് ഒന്നുമില്ല... ഞങ്ങൾ മറ്റെവിടെക്കെങ്കിലും കൊണ്ട് പൊക്കോളാം" എന്ന് പ്രിയപ്പെട്ട ചേട്ടൻ പറഞ്ഞപ്പോൾ അച്ഛന്റെ ദേഹത്ത് കത്തി വെച്ച് കീറാതിരിക്കാൻ അത് മതിയാവും എന്ന് ഞാനും മനസ്സിനെ പറഞ്ഞു ധരിപ്പിച്ചു.. എപ്പോഴും ചിരിക്കുന്ന അച്ഛന്റെ മുഖത്ത് ഇന്ന് ശക്തമായ അല്ലെങ്കിൽ ദിവ്യമായ എന്തോ തേജസ്‌ എനിക്ക് കാണുവാൻ കഴിഞ്ഞു... ശാന്തതയോടെ ആ ദേഹം പുഞ്ചിരിക്കുന്നതായി.. എനിക്ക് തോന്നി... അച്ഛനുമായി തിരികെ വീട്ടിലേക്ക് വന്ന വാഹനം അകത്തേക്ക് കയറിയെങ്കിലും എന്റെ നിൽപ്പ് ഗേറ്റിന് വെളിയിലെ റോഡിലായിരുന്നു. വീടിന്റ ഉള്ളിലേക്ക് കയറുവാൻ ആവാതെ ഇനി എന്ത് എന്ന... അച്ഛനില്ലാതെ എങ്ങനെ എന്ന ഭയം വീണ്ടും കണ്ണിൽ ഇരുട്ട് നിറച്ച ആ രാത്രിൽ ഞാൻ മുന്നിലെ പൂഴി റോഡിൽ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീരുമായി ഇരുന്നു... അല്ല അവർ ന്റെ നാട്ടിലുള്ള പ്രിയപ്പെട്ടവർ അവർ ചിരിക്കുകയല്ല എല്ലാവരും എന്നെ പോലെ കരയുകയാണ്.. എല്ലാവരാലും ആദരിക്കപ്പെടുന്ന എന്റെ അച്ഛന്റെ പെട്ടെന്നുള്ള മരണത്താൽ അവർ എന്റെ ദുഖത്തോടൊപ്പം ചേർന്ന്... കരയുകയാണ് പക്ഷെ എന്റെ താളം തെറ്റിയ മനസ്സിൽ അതൊക്കെ ചിരിയായി തോന്നി. ഇടയ്ക്കെപ്പോഴോ രണ്ട് സുഹൃത്തുക്കൾ വന്ന് എന്നെ പിടിച്ച് പൊക്കി അകത്തേക്ക് കൊണ്ടുപോകുവാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അമ്മയെ എങ്ങനെ നോക്കും എന്ന ഭയം വീണ്ടും ശരീരത്തെ പിന്നാക്കം വലിച്ചു... ഒടുവിൽ ചിതയിലേക്ക് അച്ഛനെ കൊണ്ടുപോകുമ്പോൾ ആ നടന്ന് തേഞ കാലുകളിൽ കൈകൾ കൊണ്ട് അതി ശക്തമായി അടിച്ചുകൊണ്ട് എന്നിലെ ദു:ഖവും പൊട്ടിത്തെറിച്ചു... അപ്പോഴും അച്ഛന്റെ മുഖത്ത് അതേ ദിവ്യമായ തേജസ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ഒപ്പം ഒരു ചിരിയും... ആ വശ്യമായ പുഞ്ചിരി...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം