ഉപ്പ്

 



രസമുകുളങ്ങളിൽ ആർക്കും അത്ര പഥ്യം അല്ലാത്ത രസമാണ് ഉപ്പെന്ന് ജീവിതം എന്നെ പഠിപ്പിച്ചിട്ട് 18 കൊല്ലം അതായത് ജീവപര്യന്തം കഴിഞ്ഞ് 3 കൊല്ലം കൂടി കഴിഞ്ഞു. കരയുന്നത് ആൺ വർഗ്ഗത്തിന് നിഷിദ്ധം ആണെന്നാണ് ഈ ലോകത്തിന്റെ കാഴ്ചപ്പാട്, കരച്ചിൽ പെണ്ണിന് മാത്രം അവകാശപ്പെട്ടതാണത്രേ. മക്കളുണ്ടാവുകയാണെങ്കിൽ പെൺകുട്ടികൾ ആവണമെന്നും അവരെയെങ്കിലും ഈ വൈരുദ്ധ്യാത്മകതയിൽ നിന്നും പുറത്ത് കടത്തണമെന്നും ഉറപ്പിച്ചായിരിന്നു എന്റെ ജീവിതം തന്നെ മുന്നോട്ട് നീങ്ങിയത്. ചെറുതായി വിഷമിപ്പിക്കുന്ന കാഴ്ചകൾ പോലും എന്റെ കണ്ണുകളെ നിറച്ചിരുന്നു. ആരും കാണാതെ കണ്ണീർ തുടക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. കുമരകം മുഹമ്മ ബോട്ട് സർവീസിലെ സ്ഥിരം യാത്രയാണ് അവളെ എന്റെ കണ്ണുകളിലേക് എത്തിച്ചത്. ചെറിയ പ്രായത്തിൽ തന്നെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് ബാധിച്ച് പ്രായത്തെക്കാൾ കൂടിയ പക്വത അവളിൽ കണ്ടിരുന്നു. കൂടെയുണ്ടാവുന്ന എട്ടാം ക്ലാസ്സുകാരി കുട്ടിക്കുറുമ്പിക്ക് എന്നാൽ എൽ.കെ. ജി-ക്കാരിയുടെ പക്വതമാത്രം. അവൾ എന്നും ചേച്ചിക്കൊപ്പം ഉണ്ടാവും, അവളെ സ്‌കൂളിലാക്കിയാണ് അവൾ ഞങ്ങൾക്കൊപ്പം കോട്ടയം ബസ്സിൽ കയറുന്നത്. കുമരകം ബോട്ട് ദുരന്തം അനാഥമാക്കിയ കുടുംബത്തിലെ ബാക്കിയായ രണ്ട് കണ്ണികൾ. ചേച്ചി നിധി അനിയത്തി നിമ്മി, നിധിക്ക് രക്ഷകർത്താക്കളുടെ വേർപാട് താങ്ങാവുന്നതിലും അധികമായിരുന്നു. അവളുടെ വിവാഹത്തിനായി വസ്ത്രങ്ങളും സ്വർണ്ണവും മറ്റും വാങ്ങി വരുന്നതിനിടക്കാണ് ആ രണ്ട് ജീവനും വേമ്പനാട്ടുകായലിന്റെ ആഴങ്ങൾ തേടി പോയത്. അതോടെ വിവാഹം ഉറപ്പിച്ച വീട്ടുകാർ അതിൽ നിന്ന് പിൻവാങ്ങി.. ഇന്ന് അവളും അനിയത്തിപ്പെണ്ണും മാത്രം. വിഷാദത്തിന്റെ നെറുകയിലാണ് നിധിയെന്ന് ബോട്ടിലെ ഒരാഴ്ചത്തെ യാത്രക്കിടയിൽ തന്നെ ഞാൻ മനസിലാക്കിയിരുന്നു. സ്ഥിരമായി കണ്ടിട്ടാവണം ഇടക്ക് അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണാറുണ്ടെന്ന് എനിക്ക് തോന്നി... തോന്നൽ മാത്രമായിരുന്നുയെന്ന് ബോട്ട് നീങ്ങി തുടങ്ങിയപ്പോഴാണ് മനസിലായത്. അവളുടെ കണ്ണിലും കണ്ടു ഉപ്പ് രസം മാത്രം നൽകുന്ന ജല കണങ്ങൾ. കണ്ണുകൾ കണ്ണീരിൻ കണങ്ങളാൽ വൈരങ്ങളായി മാറിയിരുന്നു. വൈകിട്ടുള്ള മടക്കയാത്രയിൽ അവളോട് കാര്യങ്ങൾ തിരക്കണം... എന്തോ ഒരിഷ്ട്ടം അവളോട് തോന്നിയിരുന്നു. ജോലിയൊക്കെ തീർത്ത് ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ഏറെ വൈകിയിരുന്നു, ഇനിയിപ്പോ ലാസ്റ്റ് ബോട്ട് മാത്രമേ രക്ഷയുള്ളൂ അല്ലെങ്കിൽ ബസ്സിന് ബണ്ട് റോഡ് ചുറ്റി കറങ്ങണം, രണ്ടും കല്പിച്ച് കുമാരകത്തുതന്നെ ഇറങ്ങി. ഇല്ല ബോട്ട് വരാൻ സമയം ഇനിയുമുണ്ട്. അടുത്ത് കണ്ട ചെറിയ കടയിൽ കയറി ഒരു സിഗരറ്റിന് തിരികൊളുത്തി, കായലിൽ നിന്നുള്ള തണുത്ത കാറ്റിന്റെ തണുപ്പിൽ നിന്നും ഒപ്പം വിശപ്പിൽ നിന്നും തെല്ലൊരാശ്വാസം അനുഭവപ്പെട്ടു.... നിധി പോയി കഴിഞ്ഞിരുന്നു.. അവളെ കാണാത്ത നിരാശയിൽ ഞാൻ അവസാനത്തെ ബോട്ടിനായി കാത്തിരുന്നു. നാളെ രാവിലെ അവളോട് സംസാരിക്കണം... അവളുടെ വിഷമങ്ങൾ പങ്ക് വെക്കാൻ ഒരാളായി മാറണം.. സിഗരറ്റ് ആഞ്ഞുവലിച്ച് കുറ്റി ചവിട്ടി കെടുത്തി ബോട്ടിലേക്ക് കയറി. രാവിലെ ബോട്ട് ജട്ടിയിൽ പതിവില്ലാത്ത ആൾക്കൂട്ടം കണ്ട് ഞാനും തിരക്കിലേക്ക് എത്തി നോക്കി ആരുടെയോ വിവാഹം കഴിഞ്ഞ് വന്ന കൂട്ടമായിരുന്നു അത്.. ഏതാണ്ട് 45-50ന് അടുത്ത് പ്രായമുണ്ട് ചെറുക്കന്... അടുത്ത് നിന്ന പെണ്ണിനെ കണ്ട് എന്റെ നെഞ്ച് പിടഞ്ഞു.. അത് നിധിയായിരുന്നു.... ബാധ്യത തീർക്കുവാനെന്നവണ്ണം ബന്ധുക്കൾ കണ്ടെത്തിയ വരൻ... ബോട്ട് അക്കരെ അടുക്കുമ്പോ സ്ഥിരമായി കാണുന്ന കഷണ്ടിക്കാരൻ... ഭാര്യ മരിച്ച ശേഷം കല്യാണ ബ്രോക്കറുടെ പിന്നാലെ പെണ്ണ് കാണാൻ അക്കരക്ക് പോകുവാൻ നിൽക്കുന്ന അയാളെ സ്ഥിരമായി കാണുമായിരുന്നു ഞാൻ... നിധി അവളുടെ കണ്ണീരിന്റെ പിന്നിലെ യാഥാർഥ്യം ഞാൻ അറിയുകയായിരുന്നു... ഒപ്പം അതേ കണ്ണീരിന്റെ ഉപ്പ് ഞാനും അറിഞ്ഞു... ആരും കാണാതെ ആ ഉപ്പിന്റെ ഉറവിടം എന്റെ കർച്ചീഫിൽ ഞാൻ ഒളിപ്പിച്ചു... കണ്ണീരിന് ഉപ്പാണ്... ആർക്കും പഥ്യമല്ലാത്ത ഉപ്പ്...........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം