Extortion - Part 1

 എക്സ്റ്റോർഷൻ (Part -1)

**********†***************


ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാവുന്ന വഴിയിലൂടെ ഗംബൂട്ട് അണിഞ്ഞ കാലുകൾ നടന്ന് നീങ്ങി, തോളിൽ ഷാനായ മേത്ത എന്ന ക്രൈം ജേർണലിസ്റ്റ് ബോധരഹിതയി കിടന്നിരുന്നു. ഏതാണ്ട് അറുപത്തഞ്ച് കിലോ ഭാരമുള്ള ഷനായയെ നിസ്സാരം പഞ്ഞിക്കെട്ട് കണക്കെയാണ് അയാൾ ചുമലിലിട്ട് നടക്കുന്നത്. ഇരുട്ട് പരന്നു നിൽക്കുന്ന കാട്ട് വഴിയിലൂടെ അയാൾ ചിരപരിചിതനെ പോലെയാണ് നീങ്ങുന്നത്, ആ പോക്ക് കണ്ടാൽ അയാൾ സ്ഥിരം ആ വഴി സഞ്ചരിക്കുന്ന ആളാണെന്നു തോന്നും. കാട്ട് പന്നി ചീറ്റി വഴിക്ക് കുറുകെ പാഞ്ഞത് അയാളെ തെല്ലൊന്ന് ഞെട്ടിച്ചു കളഞ്ഞു. വലത്തേ ചുമലിൽ കിടന്ന ഷനായയെ മുറുകെ പിടിച്ച് അയാൾ ഇടത്തേക്ക് ചാടി മാറി, അയാളുടെ ബലിഷ്ട്ടമായ കയ്യുകൾ കൊണ്ടുള്ള പിടുത്തം ഷനായയെ ഉണർത്തുവാൻ പോന്നതായിരുന്നു. കൺപോളകൾ തുറക്കുവാനായി അവൾ ശ്രമിച്ചു നോക്കി... ഇല്ല തലക്ക് പിന്നിലേറ്റ അടിയിൽ നിന്നുണ്ടായ മുറിവിൽ നിന്നും ഊർന്നിറങ്ങിയ രക്തം അവളുടെ കൺപോളകളെ പശമയം ആക്കിയിരുന്നു. നേരിയ തോതിൽ തുറന്ന കണ്ണുകളിൽ നിന്നും ലഭ്യമായ കാഴ്ചയിൽ താൻ ആരുടെയോ തോളിൽ തല കീഴായി കിടക്കുകയാണെന്നും, ഏതോ കാട്ട് വഴിയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും അവൾ ഏറെക്കുറെ ഊഹിച്ചെടുത്തു. തന്നെ ചുമന്നു നടക്കുന്ന ആളുടെ ഓരോ ചുവടിലും താൻ തെങ്ങോല കണക്കെ ആടുകയാണെന്ന് ഷനായക്ക് തോന്നി. രണ്ടാമത്തെ ശ്രമത്തിൽ ഇടത്തെ കണ്ണ് മുഴുവനായും വലത്തേ കണ്ണ് ഏതാണ്ട് പാതിയും തുറക്കാനായി. തന്നെ ചുമന്ന് നടക്കുന്ന മനുഷ്യന്റെ ശ്വാസഗതി ഷനായക്ക് കൃത്യമായി കേൾക്കുവാനായി. എന്താണ് തനിക്ക് സംഭവിച്ചത് എന്നോർത്തെടുക്കുവാൻ അവൾക്കായില്ല, ഓർത്തെടുക്കുവാനായി അവൾ തീവ്രമായി ശ്രമിക്കുന്നതിന് അനുസരിച്ച് അവളുടെ തല വെട്ടി പിളർക്കാൻ പോന്ന തരത്തിലെ വേദന അവൾക്ക് അനുഭവപ്പെട്ടു. തന്നെ എടുത്ത് നടക്കുന്ന ആൾക്ക് യാതൊരു തരത്തിലും തനിക്ക് ബോധം വീണു എന്ന് മനസിലാക്കുവാൻ കഴിയാത്ത തരത്തിൽ അവൾ അനങ്ങാതെ തന്നെ ആ കിടപ്പ് തുടർന്നു. കാട്ട് വഴി രണ്ടായി പിളരുന്നതിന് മുൻപ് ആ അജാനുബാഹുവായ മനുഷ്യൻ എന്തോ ചിന്തിച്ച് ഒരല്പം നേരം നിന്നു. ഇടത് വശത്തുനിന്ന് ഒരു ചുവന്ന രശ്മി അയാളുടെ കണ്ണുകളിൽ പതിച്ചു, അയാൾ ഉടൻ തന്നെ തന്റെ നടത്തതിന് വേഗത കൂട്ടി വലത് വശത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഓക്ക് മരങ്ങളും ഊദ് മരങ്ങളും നിറഞ്ഞ ആ വനത്തെ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന യുക്കാലി മരങ്ങൾ ഭീകരതയുടെ സൗന്ദര്യം നൽകി. കറുത്ത കരി കലക്കിയ ആ രാത്രിയുടെ ഇരുട്ടിന് ആ വനം ആവോളം യോജിച്ചു നിന്നു, ദൂരെ മലയാടിവാരത്ത് നിന്നുള്ള കുറുക്കന്മാരുടെ ഓരിയിടൽ ഏതൊരു മനുഷ്യനേയും ഭയത്തിൽ മുക്കികൊല്ലുവാൻ പോന്ന ഒന്നായിരുന്നു. ഷനായ പതിയെ സ്ഥലകാല ബോധം വീണ്ടെടുത്ത് തുടങ്ങിയിരുന്നു. പക്ഷേ തലക്ക് പിന്നിലെ മുറിവ് അവളെ തളർത്തുന്നുണ്ടായിരുന്നു. വഴിയിലെ നടത്തതിന് വേഗത കൂടിയ സമയം ഷനായയേ ചുമന്ന് നീങ്ങുന്നയാളുടെ കാൽ വഴി മുടക്കി കിടന്നിരുന്ന ഒരു പെരുമ്പാമ്പിൽ ചവിട്ടി അടിതെറ്റി... വെച്ച് മുന്നോട്ട് വീഴുവാൻ പോയ അയാൾ ബാലൻസ് ചെയ്യുവാനായി അടുത്തുള്ള ആൽമരത്തിന്റെ വള്ളികളിൽ ഒന്നിൽ മുറുകെ പിടിച്ച് തോളിലെ ഭാരത്തെ താഴേക്ക് നിർത്തുവാനായി നോക്കി. അപ്രതീക്ഷിതമായി കിട്ടിയ അവസരം ഷനായ നന്നായി ഉപയോഗിച്ചു. അവൾ പഠിച്ച വടക്കൻ മുറ പുറത്തെടുത്ത് കയ്യുകൾ ഉയർത്തി വഴിയിൽ നിന്നിരുന്ന ആൽമരത്തിലേക്ക് വലിഞ്ഞു കയറി, തുടർന്ന് ഒരു കുരങ്ങിനെ കണക്കെ മേലേക്ക് പിടിച്ചു പിടിച്ചു പാഞ്ഞ് കയറി. താഴെ ഡെവൺ ദാസ് ആ കാഴ്ച കണ്ട് കണ്ണ് മിഴിച്ചു നിന്നു. ഷനായ ഞൊടിയിടയിൽ ചാടി ചാടി അടുത്ത മരത്തിലെത്തി ഊർന്നിറങ്ങുകയും കണ്ട വഴിയേ പറ്റാവുന്നതിലും അധികം വേഗത്തിൽ ഓടുവാൻ തുടങ്ങി... കാടിന്റെ ഭീകരതയും അവൾ ഞെരിച്ചു ചവിട്ടുമ്പോൾ കാലിലെ പാദസരങ്ങളിൽ നിന്നും ഉയർന്ന ശബ്ദങ്ങളും കാട്ടിലെ ചീവിടുകൾ അവരുടെ ശബ്ദവീചികളിൽ മുക്കി കളഞ്ഞു........


...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Abduction a thriller by PC (novel)

Abduction a thriller by PC (novel)

ഹൃദയം