യാത്ര
യാത്ര
*********************
ഏതാണ്ട് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴേ യാത്ര എന്നത് എനിക്ക് ഹരം തന്നെയായിരുന്നു.. അച്ഛന്റെ സൈക്കിളിന് മുന്നിൽ ഒരു ചെറിയ കസേര ഹാൻഡിലിൽ പിടിപ്പിച്ചു പോകണമെന്ന് ബാല്യം ഏറെ ആശിപ്പിച്ച ഒന്നായിരുന്നു; എന്നാൽ പണം എന്നത് ആ കാലഘട്ടത്തിൽ (ഇപ്പോഴും അങ്ങനെ തന്നെ) കിട്ടാക്കനി ആയിരുന്നുവെന്നതിനാൽ ടർക്കി നാലായി മടക്കി മുന്നിലെ ബാറിൽ അച്ഛൻ വിരിക്കും അതിലായിരുന്നു യാത്ര. അങ്ങനെ കണ്ട കാഴ്ചകൾ അന്നും ഇന്നും മധുരതരം തന്നെയാണ്. അത്രമേൽ യാത്രയെ സ്നേഹിച്ച എനിക്ക് പിന്നീട് ഒത്തിരി യാത്രകൾ ചെയ്യുവാൻ കാലം ഇടയാക്കി. സംസ്ഥാന വ്യാപകമായി ഉള്ള ഞങ്ങളുടെ ഓഫീസിലെ ഇന്റെർണൽ ഓഡിറ്റ് ചെയ്യുവാൻ രണ്ടാം വട്ടവും എനിക്ക് അവസരം ലഭിച്ചു; ഇക്കൊല്ലം നാദാപുരം, പേരാമ്പ്ര എന്നിവ ആയിരുന്നു ലൊക്കേഷൻ. ട്രെയിൻ ടിക്കറ്റിനായി റയിൽവേ റിസർവേഷൻ നോക്കിയിരുന്നത് വെറുതെയായി.. പണ്ട് മംഗലാപുരത്ത് ജോലി നോക്കിയപ്പോ ഉണ്ടായ അതേ ഫീലിംഗ്, മാവേലിക്ക് ടിക്കറ്റ് വേണോ പെറ്റ് വീണ ഉടനെ ബുക്ക് ചെയ്യണം എന്ന്... ഒടുവിൽ ഡ്രൈവ് ചെയ്ത് പോകുവാനായി ഉറപ്പിച്ചു. അനിയൻ തൃശൂർ വരെ ഉണ്ടാവും എന്ന് അവൻ നേരത്തേ തന്നെ പറഞ്ഞു, റൂട്ട് തൃശൂർ ചെന്ന് പൻവേൽ ഹൈവേ പിടിക്കാം എന്ന് ഉറപ്പിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം യാത്രയാരംഭിച്ചു. ഏതാണ്ട് അഞ്ച് അഞ്ചരയോടെ തൃശ്ശൂരിൽ അനിയനെ എത്തിച്ചു, പിന്നീട് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്ത് മ്യൂസിക് സിസ്റ്റത്തിലെ പാട്ടിനൊപ്പം അത്യുച്ചത്തിൽ അലറിക്കൊണ്ട് എന്റെ ഏകാന്ത യാത്ര തുടർന്നു. നാലുവരി പാതയുടെ പണി നടക്കുന്നതിനാൽ അതിസാഹസികമായി തോന്നിയ യാത്ര, വേഗത കുറച്ചും കൂട്ടിയും ഡ്രൈവിങ് ആസ്വദിച്ചു ഞാനും വണ്ടിയും മുന്നോട്ട് നീങ്ങി. ഒട്ടും പരിചിതമല്ലാത്ത വഴികൾ, ഡ്രൈവിങ് സുഖകരമായി വരുമ്പോൾ തന്നെ ഡൈവേർഷൻ ബോർഡ് വരും ഗിയർ മാറി മാറി മുന്നോട്ട് നീങ്ങുമ്പോ കാണാം മുന്നിൽ അഗാതഗർത്തം, ശ്രദ്ധ പാളിയാൽ നേരെ അപായ സൂചന ബോർഡുകളും പൊളിച്ച് ഉള്ളിലേക്ക് പതിക്കാം പറ്റുവാണേൽ അതോടെ തീർന്നും കിട്ടും, കാരണം പില്ലറുകൾക്കായി സ്ഥാപിച്ച കൂർത്ത കമ്പികളുടെ മേലേക്കാവും ചെന്ന് പതിക്കുക എന്നത് കൊണ്ട് തന്നെ മരണം ഉറപ്പാവും. മലപ്പുറത്തിന് അടുത്തുള്ള ഏതോ ഒരു ജംങ്ങഷനിൽ വളരെയധികം ആളുകൾ കൂടി നിൽക്കുന്നതായി കണ്ടു... ഇരുട്ട് പരന്നുതുടങ്ങിയതിനാലും ഔദ്യോഗിക യാത്ര ആയതിനാലും- രാവിലെ തന്നെ ഓഡിറ്റ് ആരംഭിക്കേണ്ടതുണ്ട്- വാഹനം റോഡിൽ നിന്ന് ഇറക്കി സൈഡ് പിടിച്ച് ഞാൻ മുന്നോട്ട് തന്നെ നീങ്ങി. ആൾതിരക്ക് കുറഞ്ഞെന്ന് കണ്ട് കാർ ഒന്ന് ഇരപ്പിച്ചു മുന്നോട്ടെടുത്ത് മൂന്നാമത്തെ ഗിയർ ഇട്ടതും ഒരുപെൺകുട്ടി എന്റെ വണ്ടിയുടെ മുന്നിലേക്ക് ചാടി വീണു, വീണപ്പോൾ തന്നെ അവളുടെ വലിയ ട്രാവൽ ബാഗ് ബോണറ്റിലേക്ക് എറിഞ്ഞത് പോലെ വീണ് കഴിഞ്ഞിരുന്നു... "എങ്ങോട്ട് പോവുകയാടാ താ🤬🤬" എന്ന വിളിയോടെ സദാചാര ഗുരുക്കന്മാർ ഉണർന്ന് എന്റെ നേരെ പാഞ്ഞടുത്തു. എന്റെ വീട്ടിലുള്ളവരുടെ ഭാഗ്യത്തിന് വീണ കുട്ടി എഴുന്നേൽക്കുകയും ഒരു സങ്കോചവും കൂടാതെ വണ്ടിയുടെ ബാക്ക് ഡോർ തുറന്ന് അവരുടെ ട്രാവൽ ബാഗ് അകത്തേക്കിടുകയും ചെയ്തു. ഏതാണ്ട് ഷോക്ക് അടിച്ച അവസ്ഥയിൽ നിന്ന എനിക്ക് ഒന്നും പറയുവാനായില്ല എന്നതാണ് സത്യം, ഇതിനിടയിൽ അവൾ ഓടിവന്നവരോടായി ഞാൻ അവളുടെ സുഹൃത്താണെന്നും അവളെ ഞാൻ പിക്ക് ചെയ്യാൻ വന്നതാണെന്നും എനിക്ക് സർപ്രൈസ് തരുവാനായി ഞാൻ കാണാതെ വന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും, ഞാൻ എസ്. പി ഓഫീസിലെ സ്റ്റാഫ് ആണെന്നും കൂടി പറഞ്ഞതോടെ സദാചാര കമ്മറ്റിക്കാർ നിരാശയോടെ പിരിഞ്ഞുപോയി. സുമിത്തെ വണ്ടി എടുക്കെടാ എന്ന് പറഞ്ഞ് അവൾ മുന്നിലെ സീറ്റിലേക്ക് കയറി സീറ്റ് പിന്നിലേക്കാക്കി ഇരുന്നു. എന്റെ ഷോക്കിൽ നിന്നും ഞാൻ മുക്തി നേടിയിട്ടില്ലാത്തതിനാൽ ഞാൻ എന്റെ നിൽപ്പ് തുടർന്നു. "ഡോ വണ്ടി എടുക്ക്, അല്ലെങ്കിൽ അവർ ഇനിയും വരും... തനിക്ക് നല്ലത് കിട്ടുകയും ചെയ്യും" അവൾ വണ്ടിയിലിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. സ്വാബോധം വീണ്ടുകിട്ടിയ ഞാൻ ഉടൻ തന്നെ ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി വണ്ടി എടുത്ത് മുന്നോട്ട് കുതിച്ചു. വണ്ടി മുന്നോട്ട് പോകുമ്പോഴും എന്റെ കണ്ണ് അവളിലായിരുന്നു. കാണുന്നതും അനുഭവിക്കുന്നതും സ്വപ്നമാണോ യാഥാർധ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. എന്റെ കണ്ണ് വെളിയിലേക്ക് തള്ളിയത് കണ്ടതുകൊണ്ടാവണം കയ്യ് കൊണ്ട് ലെയർ കട്ട് ചെയ്ത മുടി മുഴുവനായി വകഞ്ഞു മാറ്റി പിന്നിലേക്ക് ഇട്ട്... "നേരെ നോക്കി വണ്ടി ഓടിക്ക്" എന്ന് അവൾ പറഞ്ഞത്. താൻ ആരാ... ന്റെ മറു ചോദ്യം കേട്ടയുടനെ അവൾ പൊട്ടി ചിരിച്ചു. ന്റെ പൊന്ന് ചേട്ടാ (ചേട്ടാ എന്ന വിളി എന്നിൽ അല്പം അലോസരമുണ്ടാക്കി എന്നത് നേര്)... ഞാൻ വന്ന വണ്ടിയാണ് അവിടെ ആക്സിഡന്റ് ആയത്. ഒരു സ്‌കൂട്ടർകാരൻ പയ്യനെ വണ്ടി തട്ടി താഴെക്കിട്ടൂ... ഏതോ യൂത്തൻ പയ്യൻ ആണെന്ന് തോന്നുന്നു, അവന്റൊപ്പം വന്ന റൈഡർ ഗ്യാങ് വണ്ടിയുടെ ചില്ല് അടിച്ച് പൊട്ടിച്ചു.. നാളെ രാവിലെ മംഗലാപുരത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ് എനിക്ക്, പ്രോബേഷൻ കഴിഞ്ഞുള്ള ആദ്യ പോസ്റ്റിങ്ങ് അതും എ. സി. പി യായി. അതും കൂടി കേട്ടതോടെ എന്റെ തലയിലെ പെരുപ്പ് കൂടി.. ഒരു ഐ. പി. എസ് കാരിയാണ് എന്റെ ഒപ്പം കയറിയത്. വെറുതെയല്ല യാതൊരു പരിചയവും ഇല്ലാത്ത എന്റെ ഒപ്പം ഇവൾ കയറി ഇരുന്നത്. എന്റെ ചിന്ത വീണ്ടും ബ്ളാക്ക് ഔട്ട് ആയി തുടങ്ങിയപ്പോഴാണ് അവൾ ചോദിച്ചത്... "ഡോ താൻ ശാന്തൻ അല്ലേ.. ആലപ്പുഴ ഡി. വി ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച ശാന്തൻ"... പാതി ചത്തിരുന്ന ഞാൻ അവൾ എന്റെ പേരും കൂടി പറഞ്ഞപ്പോൾ ഉണ്ടായിരുന്ന ബാക്കി ജീവൻ കൂടി ഓട്ടോ പിടിച്ച് ശബരിമല കയറി തുടങ്ങിയ പോലെയായി. ഡാ ശാന്താ ഡാ ഇത് ഞാനാടാ രശ്മി... എട്ടിൽ വച്ച് സ്കൂൾ മാറിപ്പോയ രശ്മി... അവളുടെ വക തുടയിലൊരു പിച്ചും കൂടി കിട്ടിയപ്പോ ഞാൻ വാർത്തമാനകാലത്തിലേക്ക് തിരികെ വന്നു. രശ്മി.. ന്റെ തലച്ചോർ ആ പേര് തിരഞ്ഞു തലച്ചോറിലെ ഡേറ്റ ബെയിസ് ഉഴുതുമറിച്ചു... ഇല്ല ഓർമ കിട്ടുന്നില്ല... എന്റെ അങ്കലാപ്പ് കണ്ടിട്ടെന്നവണ്ണം അവൾ സ്കൂളിലെ ടീച്ചേഴ്സിന്റെ പേരും ഒപ്പം പഠിച്ചവരുടെ പേരും ഒക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്കെപ്പോഴോ അവൾ മൂലം ഒരു അദ്ധ്യാപിക മറ്റൊരു അദ്ധ്യാപികയുമായി പിണങ്ങിയ കാര്യം പറഞ്ഞപ്പോഴാണ് ഡേറ്റ തിരിയാൻ പോയ തലച്ചോറിലെ സിഗ്നൽ അവളുടെ മുഖം എന്റെ ചിന്തകളിലേക്ക് ഫീഡ് ചെയ്തത്... "ഡീ നീ... സോറി മാഡം ഇപ്പൊ... എപ്പോ... ഇവിടെ... എങ്ങനെ... " തൊണ്ട വരണ്ട എനിക്ക് മറ്റൊന്നും ചോദിക്കാനായില്ല... എന്റെ പരവേശം കൂടുന്നത് കണ്ടിട്ടാവണം അവൾ എന്റെ കയ്യ് കവർന്ന് നിനക്കിപ്പോഴും എന്നെ മനസിലായില്ല അല്ലേ എന്ന് ചെറിയ ചിരിയോടെ ചോദിച്ചു. നീ മാഡം എന്നൊന്നും വിളിക്കണ്ട, പണ്ട് വിളിച്ചിരുന്ന പോലെ രശ്മി എന്നോ ഡി എന്നോ വിളിക്കാം... ഒരു കുഴപ്പവുമില്ല എന്ന് അവൾ കൂട്ടിച്ചേർത്തു. തലച്ചോർ നൽകിയ സിഗ്നലിലൂടെ പതിയെ ഞാൻ എന്റെ സഹപാടിയുടെ മുഖം ഓർത്തെടുത്തു.. എന്നാലും രശ്മി ഞാൻ... അല്ല എനിക്ക് നിന്നെ മനസിലാവാതെ പോയല്ലോ.. ഞങ്ങളുടെ സംസാരത്തിനിടക്ക് വണ്ടി ഓടിക്കൊണ്ടിരുന്നു. കോഴിക്കോട് ബൈപാസ് റോഡിലേക്ക് ഏതാണ്ട് അടുത്ത് എത്തിയിരുന്നു അതിനിടയിൽ. "ഡാ നീ വാ നമുക്ക് എന്തെങ്കിലും കഴിക്കാം... നീ വണ്ടി ഒന്ന് ഒതുക്ക്... " യാന്ത്രികമായി തന്നെ ഞാൻ വണ്ടി ഒതുക്കി.. അടുത്ത് കണ്ട ഔട്ട് ഡോർ ഡെയിനിങ് ഉള്ള ഹോട്ടലിന് മുന്നിലേക്ക് വണ്ടി ഒതുക്കി... ഞങ്ങൾ രണ്ടാളും ഒരുമിച്ചിറങ്ങി. ഹോട്ടൽ ലോബിയിൽ എത്തി റിസപ്ഷനിസ്റ്റിനോട് വാഷ്റൂം അന്വേഷിച്ചു ഞാൻ മുന്നോട്ട് നീങ്ങി, അവൾ എനിക്ക് പിന്നിലായും വന്നു. "ന്നാലും എനിക്ക് അവളെ മനസിലാവാതെ പോയല്ലോ.. " മനസ്സ് ഇടയ്ക്കിടെ ഇലക്ട്രിക് ഇമ്പൾസുകൾ നൽകികൊണ്ടേയിരുന്നു. കൈ കഴുകി പുറത്തേക്ക് വന്ന് മുഖം തുടച്ച് രശ്മി ടോയിലറ്റിൽ നിന്ന് വരുന്നതും കാത്ത് ഞാൻ നിന്നു. ഏറെക്കുറെ അരമണിക്കൂർ പിന്നിട്ടിട്ടും അവളെ കണ്ടില്ല... പിന്നീട് വന്ന ഫാമിലിയിലെ പെൺകുട്ടിയോട് വാഷ്‌റൂമിൽ അവൾ ഉണ്ടോ എന്ന് അന്വേഷിച്ചു... ഇല്ല എന്ന മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. തിരികെ ലോബിയിലെത്തി എന്റെ ഒപ്പം വന്ന സ്ത്രീ പുറത്തേക്ക് പോയോ എന്ന് റിസപ്‌ഷനിലെ പയ്യനോട് ചോദിച്ചു... "അതിന് സാർ ഒറ്റക്കല്ലേ വന്നതെന്ന്" അവൻ പറഞ്ഞതും ഞാൻ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലായി. കണ്ണുകളിൽ വീണ്ടും ഇരുട്ട് കയറുന്ന പ്രതീതി... എന്താണ് സർ എന്തെങ്കിലും പ്രശ്നം... ഇല്ല ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ കാറിനടുത്തേക്ക് നീങ്ങി... കാറിൽ അവൾ ഇല്ല... അവൾ പിൻ സീറ്റിലേക്ക് എറിഞ്ഞ ബാഗും കാണാനില്ല... എന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞാൻ ഞെട്ടി ... ഫോൺ മുന്നിലെ റെസ്റ്റിംഗ് പാടിൽ കിടക്കുന്നുണ്ടായിരുന്നു. ഗൂഗിൾ അലേർട്ട് അലാറം മുഴക്കിയതായിരുന്നു... എന്നെയും വഹിച്ചുകൊണ്ട് വണ്ടി അപ്പോഴും ഓടുകയായിരുന്നു.. എന്റെ വാട്സാപ്പിൽ രശ്മി ദ്വീപിൽ വച്ച് ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു കൊല്ലപ്പെട്ടുവെന്ന വാർത്ത അൺറെഡ് നോട്ടിഫിക്കേഷനായി പോപ്പ് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു.. എന്നെയും വഹിച്ച് എന്റെ വാഹനം അപ്പോഴും മുന്നോട്ട് നീങ്ങുകയായിരുന്നു..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ